വസന്തത്തിലെ
ചൂടുള്ള ഒരു പകലിൽ
തെല്ലൊരു തെന്നലിൽ
തലതല്ലി തെരുവോരത്തു വീണ
വാകപ്പൂക്കൾ
പകുതിയും നിർജീവമായിരുന്നു...
വസന്തത്തിൻ്റെ ഒരുതുണ്ട്
കയ്യിലേന്തി
പ്രിയരെയാരെയോ
തേടിയെത്തിയൊരാൾ,
പാതിയും ചത്ത പൂക്കളെ
ചവിട്ടിത്തെറിപ്പിച്ചു കടന്നു പോകവേ
കാതോട് ചേർത്തുവച്ച
ഫോണിൽ പറഞ്ഞു-
"ഗുൽമോഹർ
പട്ട് പരവതാനി വിരിച്ച
തെരുവോരത്തു കൂടി
ഞാൻ വരുന്നുണ്ട്,
കയ്യിലൊരു പൂക്കുടന്നയുമായി"
നിർവികാരതയോടെ
നീലാകാശം നോക്കിക്കിടന്നു
നിശബ്ദമായി ഒരു
ഗുൽമോഹർ ദലം
മറുപടി പറഞ്ഞു -
"ചോര ചിന്തി കൊഴിഞ്ഞു വീണിട്ടും,
അത്രമേൽ മനോഹരമായി
വഴിയൊരുക്കി കിടന്ന ഗുൽമോഹറിനോളം,
പ്രണയം കരുതി വച്ച മറ്റാരുണ്ട്?"